കൊച്ചി: കൊച്ചിയില്‍ മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിന് കാരണമായത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ഭീഷണിയാണെന്ന് വ്യക്തമായതായി വരാപ്പുഴ പൊലീസ്.
ദമ്പതികള്‍ കുടുംബത്തോടെ മരണപ്പെട്ടിട്ടും ലോണ്‍ ആപ്പിന്റെ ഭീഷണി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ മരണപ്പെട്ട ശില്‍പ്പയുടെ ബന്ധുക്കള്‍ക്ക് ശില്പയുടെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ വരാപ്പുഴ പൊലീസ് ലോണ്‍ ആപ്പിനെതിരെ കേസ് എടുത്തിട്ടുണ്ട്.
ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതിന് കാരണം ഓണ്‍ലൈന്‍ ലോണ്‍ ആണെന്ന സംശയം കഴിഞ്ഞദിവസം പൊലീസ് ഉയര്‍ത്തിയിരുന്നു. മരിച്ച യുവതി ഓണ്‍ലൈന്‍ ആപ്പ് വഴി ലോണ്‍ എടുത്തിരുന്നു എന്ന സൂചനകള്‍ പൊലീസ് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ടായിരുന്നു. ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പൊലീസിന് ലഭിക്കുകയും ചെയ്തിരുന്നു.
നോര്‍ത്ത് കടമക്കുടി മടശേരിവീട്ടില്‍ നിജോ (40), ഭാര്യ ശില്പ (32), മക്കളായ ഏയ്ബല്‍(7), ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകള്‍നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ശില്‍പ്പയുടെയും നിജോയുടേയും മക്കളായ എയ്ബലും ആരോണും തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. ഏയ്ബലിന്റെ കഴുത്തില്‍ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്.
കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. കൊലപ്പെടുത്തിയ സമയത്ത് കുട്ടികളിലാരോ എതിര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് സൂചന നല്‍കുന്നുണ്ട്. ശില്‍പ്പയുടെ മുഖത്തെ നഖപ്പാടുകള്‍ അത്തരത്തില്‍ വന്നതാകാമെന്നാണ് പൊലീസ് പറയുന്നത്.
കെട്ടിടനിര്‍മ്മാണ തൊഴിലാളിയും ആര്‍ട്ടിസ്റ്റുമായ നിജോയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതെ വന്നതോടെ സുഹൃത്ത് വീട്ടില്‍ തിരക്കിയെത്തുകയായിരുന്നു. സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ ഹാളില്‍ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയില്‍ കണ്ടത്. താഴത്തെ നിലയില്‍ താമസിക്കുന്ന സഹോദരന്‍ ടിജോയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടികളെ കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.