കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് ആശ്വാസമായി മഴ എത്തുന്നു. വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്.
അതേ സമയം ഇന്നും നാളെയും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15ാം തീയതി വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത ഉണ്ട് എന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. ഇതോടൊപ്പം തന്നെ ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ മഴ എത്തുന്നത് ആശ്വാസമാകും.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട പാലക്കാട് താപനില കുറയുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമനാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് താപനില 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏപ്രിൽ 15 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും എന്നാണ് പുതിയ അറിയിപ്പ് തൃശ്ശൂർ ജില്ലയിസ്‍ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരേയും രേഖപ്പെടുത്താൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.