ചെന്നൈ സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ വന്ദേ ഭാരത് സർവീസിന് ഉടൻ തുടക്കമാകും. തമിഴ്നാടിന്റെ യാത്രാ വേഗത്തിന് കരുത്തേകുകയും മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ഗുണകരമാകുകയും ചെയ്യുന്ന വന്ദേ ഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് വ്യാഴാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പ്രധാനമന്ത്രി ചെന്നൈ സന്ദർശനം റദ്ദാക്കിയതോടെ ഉദ്ഘാടനവും മാറ്റിവച്ചു.
ചെന്നൈ – നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ ട്രയൽ റൺ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള മലയാളികൾക്കും ഉപകാരപ്പെടുന്ന സർവീസാണ് അതിർത്തി ജില്ലയിലേക്കുള്ള പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ.
ചെന്നൈ സെൻട്രലിൽ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് വന്ദേ ഭാരത് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ചെന്നൈ – നാഗർകോവിൽ വന്ദേ ഭാരതിൻറെ ട്രയൽ റൺ നടന്നത്.
പുലർച്ചെ 04.15ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 01.50ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സർവീസ്. മടക്കയാത്ര ഉച്ചയ്ക്ക് 02.20നാണ് നാഗർകോവിലിൽ നിന്ന് പുറപ്പെടുക. തുടർന്ന് രാത്രി 12.05ന് ചെന്നൈയിൽ എത്തിച്ചേരും.
ചെന്നൈയിൽ നിന്ന് രാവിലെ ആരംഭിക്കുന്ന വന്ദേ ഭാരത് സർവീസ് 10.38നാണ് മധുര ജംഗ്ഷനിൽ എത്തിച്ചേരുക. തുടർന്ന് 10.40ന് യാത്ര തുടരുകയും ചെയ്യും. ചെന്നൈയിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് വന്ദേ ഭാരത് സർവീസ് പ്രയോജനപ്പെടുത്താൻ കഴിയും.
തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം കുറയും
രാവിലെ ചെന്നൈയിൽ നിന്ന് വന്ദേ ഭാരതിൽ കയറുന്നവർക്ക് ഉച്ചയ്ക്ക് 01.50 ഓടെ നാഗർകോവിലിൽ എത്താൻ കഴിയും. തുടർന്ന് ഇവിടെ നിന്ന് ട്രെയിനിലും ബസിലുമായി തിരുവനന്തപുരത്തേക്ക് എത്താം. ഒന്നര മണിക്കൂറിൽ താഴെ സമയം മാത്രമാണ് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എക്സ്പ്രസ് ട്രെയിനുകൾക്ക് വേണ്ടത്. സമാനമായി ചെന്നൈയിലേക്കുള്ള മലയാളി യാത്രക്കാർക്ക് ഉച്ചയ്ക്ക് 02.20ന് മുമ്പായി കേരളത്തിൽ നിന്ന് നാഗർകോവിലിലെത്തി വന്ദേ ഭാരതിൽ കയറാനുമാകും
മറ്റുട്രെയിനുകൾ 11 മുതൽ 13 മണിക്കൂർവരെ സമയമാണ് ചെന്നൈയിൽ നിന്നും നാഗർകോവിലിലേക്ക് എടുക്കുന്ന സമയം. പുതിയ വന്ദേ ഭാരതിലൂടെ 9.30 മണിക്കൂർകൊണ്ട് 724 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ കഴിയും. മൂന്നര മണിക്കൂറോളമാണ് ഇതിലൂടെ യാത്രക്കാർക്ക് ലാഭിക്കാൻ കഴിയുക. അതേസമയം നിലവിൽ ചെന്നൈയിൽ നിന്നും നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന സ്പെഷ്യൽ വന്ദേ ഭാരത് 8 മണിക്കൂർ 55 മിനിറ്റ് കൊണ്ടാണ് ഈ ദൂരം പിന്നിടുന്നത്.