ന്യൂഡൽഹി: രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. യുപിയിലും ബിഹാറിലും ഓറഞ്ച് അലേർട്ടാണ്. വടക്കുകിഴക്കൻ അസമിലും സമീപ പ്രദേശങ്ങളിലും തെക്കൻ ഗുജറാത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍ തെക്കൻ ഒമാൻ തീരങ്ങളിലും, വടക്കന്‍ ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കാം. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഉത്തർപ്രദേശിലെ ശക്തമായ മഴയിൽ പതിനേഴ് പേർ കൂടി മരിച്ചു. ബൽറാംപൂർ, പിലിഭിത്, ശ്രാവസ്തി, കനൗജ്, പ്രയാഗ്രാജ്, കൗശാംബി, പ്രതാപ്ഗഢ് എന്നീ ജില്ലകളിൽ ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മുങ്ങിയുമാണ് ആളുകൾ മരിച്ചത്. പതിനേഴ് മരണങ്ങളിൽ പത്തും പ്രയാഗ്രാജ്, കൗശാമ്പി, പ്രതാപ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
ചൊവ്വാഴ്ച പിലിഭിത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഏഴുപേരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു. പിലിഭിത്തിലെ വെള്ളപ്പൊക്കം അഞ്ച് താലൂക്കുകളിലായി 252 ഗ്രാമങ്ങളെ ബാധിച്ചതായി ദുരിതാശ്വാസ കമ്മീഷണർ ജിഎസ് നവീൻ കുമാർ അറിയിച്ചു. ഈ മേഖലയിലെ ജലനിരപ്പ് താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്. ബിനൗറ ഗ്രാമത്തിൽ ചിലർ കുടുങ്ങിക്കിടക്കുന്നതായി ഉത്തർപ്രദേശ് എമർജൻസിയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഏഴ് പേരെ രക്ഷപ്പെടുത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 7,365 പേരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയതായും ദുരിതാശ്വാസ കമ്മീഷണർ അറിയിച്ചു.