ബംഗളുരു: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് കൃഷി നടത്താൻ 90 ദിവസത്തെ പരോൾ അനുവദിച്ചുവെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു. കർണാടകയിലെ രാമനഗര ജില്ലയിൽ സിദ്ദേവരഹള്ളി ഗ്രാമത്തിൽ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കൃഷി ചെയ്യാനും മേൽനോട്ടം വഹിക്കാനും കുടുംബത്തിൽ മറ്റ് പുരുഷന്മാർ ഇല്ലെന്ന കാര്യം തെളിയിച്ചാണ് ഇയാൾ കോടതിയെ സമീപിച്ചത്. ആദ്യം ബംഗളുരു സെൻട്രൽ ജയിൽ സൂപ്രണ്ടിന് സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു, തുടർന്ന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ചന്ദ്ര എന്നയാളാണ് ഈ പരോളിനായി കോടതിയെ സമീപിച്ചത്. 11 വർഷത്തെ ശിക്ഷാ കാലയളവ് ഇയാൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. പാരമ്പര്യമായി കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തന്റെ കുടുംബത്തിൽ ഇപ്പോൾ കൃഷി നടത്താൻ പുരുഷന്മാർ ഇല്ല.