ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ കൂടുതൽ വ്യക്തമായി കാണാം. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തോൽവിയോടെ, അവർ ഒന്നാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.
ഓസ്ട്രേലിയക്കെതിരായ നിലവിലെ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനാവും.
ഓസ്ട്രേലിയക്കെതിരായ ബാക്കി മൂന്ന് ടെസ്റ്റുകളിൽ രണ്ട് മത്സരങ്ങൾ ജയിക്കുകയും ഒന്ന് സമനിലയാക്കുകയും ചെയ്താൽ, ഇന്ത്യക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ ഫൈനലിലേക്ക് കടക്കാൻ സാധിക്കും. എന്നാൽ, ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 3-2 എന്ന ഫലത്തിൽ ജയിച്ചാൽ, കാര്യങ്ങൾ കുഴഞ്ഞുപോകും.