കൊച്ചി: എറണാകുളത്ത് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി ആക്രമിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ തൃക്കാക്കര പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. തുതിയൂരിലെ ഒരു ഹോസ്റ്റലിൽ നിന്നാണ് ആറ് അംഗങ്ങളടങ്ങിയ സംഘത്തെ പിടികൂടിയത്. കഴിഞ്ഞ ദിവസം വെളുപ്പിനാണ് ആറ് പേർ ചേർന്ന് 27 കാരനായ യുവാവിനെ പടമുകളിലേക്ക് വിളിച്ചു വരുത്തുകയും, ബൈക്കിന്റെ താക്കോൽ ഊരി എടുക്കുകയും ചെയ്തത്.
ഇതോടെ യുവാവ് ചതിക്കപ്പെട്ടതായി മനസിലായി. പിന്നീട്, സംഘം യുവാവിനെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചു. കൈയിൽ ഉണ്ടായ മൊബൈൽ ഫോൺ തട്ടിയെടുത്തു. തുടർന്ന്, ഒരു ലക്ഷം രൂപ നൽകില്ലെങ്കിൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചു. യുവാവിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദിച്ചുവെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.