ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിലെ കനകപുരയിലെ ദയാനന്ദ സാഗർ സർവകലാശാലയിൽ ഒന്നാം വർഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥിനിയായ അനാമിക വിനീത് എന്ന യുവതിയാണ് രാമനഗരത്തിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനപ്രകാരം ഇത് ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ആണ് മൃതദേഹം കണ്ടെത്തിയത്.
കോളേജ് അധികൃതരുടെ സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 108 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. കോളേജ് അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച, ക്ലാസ് പരീക്ഷക്കിടെ അനാമിക മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ അധ്യാപകൻ ശ്രദ്ധിച്ചു, അത് പിടിച്ചെടുത്ത് പ്രിൻസിപ്പലിന് കൈമാറുകയായിരുന്നു. ഈ വിഷയത്തിൽ അനാമികയെ പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് അനാമികയെ അവസാനമായി കണ്ടത്. മുറിയിൽ നിന്ന് പ്രതികരണം ഇല്ലാതായതോടെ ഹോസ്റ്റലിൽ താമസിക്കുന്നവർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അധികൃതർ ഫോൺ വിളിച്ചപ്പോൾ, പൂട്ടിയ മുറിക്കുള്ളിൽ നിന്ന് റിംഗ് ചെയ്യുന്നത് കേട്ടു. മാസ്റ്റർ കീ ഉപയോഗിച്ച് അകത്ത് കടന്നാണ് അനാമികയെ ആശുപത്രിയിലെത്തിച്ചത്. റൂംമേറ്റ് അസുഖം ബാധിച്ച് അവധിയിലായതിനാൽ 15 ദിവസമായി അനാമിക ഒറ്റയ്ക്കായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന മലയാളത്തിൽ എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.