തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. കരമന പോലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. തൃശ്ശൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിക്കും. ഇന്നലെ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയെ തുടർന്ന് ജയസൂര്യക്കെതിരെ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
നേരത്തെ ജയസൂര്യക്കെതിരെ തിരുവനന്തപുരം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ ടോയ്ലറ്റിനു സമീപം വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന കൊച്ചിയിൽ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.