നിപയില്‍ വീണ്ടും ആശ്വാസം, ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തിൽ 61 പേരുടെ ഫലം നെഗറ്റീവാണ്. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രസംഘം അഭിനന്ദിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘം കോഴിക്കോടെത്തി.
നിപ പരിശോധനയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പുതിയ പോസിറ്റീവ് കേസുകളില്ല. രോഗികളുമായി ഏറ്റവും അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 61 ഫലം കൂടി നെഗറ്റിവ് ആയി. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തു. ഇതില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരും ഉള്‍പ്പെടുന്നു. കേന്ദ്ര ആരോഗ്യ സംഘവുമായി മന്ത്രി വീണാ ജോര്‍ജ് ഇന്നും ചര്‍ച്ച നടത്തി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം അഭിനന്ദിച്ചതായി മന്ത്രി അറിയിച്ചു.
1223 പേര്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ രോഗബാധിതനായി ഒമ്പതു വയസുകാരന്റെ ആരോഗ്യ നില തൃപ്തികരമാണ്. നിപ പഠനത്തിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സംഘം കോഴിക്കോടെത്തി. നിപ ബാധിത പ്രദേശങ്ങള്‍ 3 ദിവസം സന്ദര്‍ശിക്കുന്ന സംഘം വിശദമായ പഠനവും സാമ്പിള്‍ ശേഖരണവും നടത്തും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുമായി സംഘം ചര്‍ച്ച നടത്തും.