യുകെ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക നിർമ്മിച്ച കോവിഡ് വാക്സിനായ കൊവിഷീല്‍ഡ് ചുരുക്കം ചിലരിൽ ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്നതായി കമ്പനി സമ്മതിച്ചതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. ചുരുക്കം ചിലരിൽ മാത്രം ടിടിഎസ് അഥവാ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം പോലുള്ള അപൂർവ പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്സിൻ നിരവധി മരണങ്ങള്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായെന്ന് ചൂണ്ടിക്കാട്ടി പരാതികൾ കമ്പനിക്കെതിരെ നിലനിൽക്കുന്നു. ഓക്സ്ഫോഡ് സർവകലാശാലയുമായി സഹകരിച്ചാണ് ഈ വാക്സിൻ വികസിപ്പിച്ചത്. ഇന്ത്യയിൽ വാക്സിൻ ഉൽപ്പാദിപ്പിച്ചത് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
എന്താണ് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്)?
കോവിഡിനെതിരെ വാക്സിനേഷൻ സ്വീകരിച്ച വ്യക്തികളിൽ കാണപ്പെടുന്ന അപൂർവ രോഗമാണ് ടിടിഎസ്. സെറിബ്രൽ വെനസ് സൈനസ് ത്രോംബോസിസ് (സിവിഎസ്ടി) എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയ്ക്ക് സമാനമാണ് ഇത്. തലച്ചോറിൽ നിന്നുള്ള രക്തപ്രവാഹം തടയുന്നതിന് വാക്സിൻ കാരണമാകുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട് . ഇത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രക്തസ്രാവമോ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയോ ചെയ്യാമെന്നും വിലയിരുത്തുന്നു. കൂടാതെ ഈ രോഗാവസ്ഥയുള്ളവർക്ക് പലപ്പോഴും തലച്ചോറിലും ആമാശയത്തിലുമാണ് രക്തം കട്ടപിടിക്കുന്നത്.
നിലവിൽ വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ ടിടിഎസ് കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതിൽ 60 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് കൂടുതലായും ഈ രോഗാവസ്ഥ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എങ്കിലും രക്തം കട്ടപിടിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രോട്ടീനുകളെ ആക്രമിക്കുന്ന ആൻ്റിബോഡികള്‍ നിർമ്മിക്കുന്നതിലൂടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം വാക്സിനിനോട് പ്രതികരിക്കുന്നതിനാലാണ് ഈ രോഗാവസ്ഥ സംഭവിക്കുന്നതെന്നാണ് കരുതുന്നത്.
നിലവിൽ വാക്സിൻ സ്വീകരിച്ച ആളുകളും അവരുടെ ബന്ധുക്കളും ഉൾപ്പെടെ 100 മില്യൺ പൗണ്ടിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് യുകെ ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. വാക്സിൻ എടുത്തശേഷം രക്തം കട്ടപിടിച്ചെന്ന് ആരോപിച്ച് ജാമി സ്കോട്ട് എന്നയാളാണ് ആദ്യം കേസ് ഫയൽ ചെയ്തത്. 2021 ഏപ്രിലിൽ വാക്സിനേഷൻ എടുത്തതിന് ശേഷം തന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായും രക്തസ്രാവം ഉണ്ടായതായും സ്കോട്ട് പരാതിയിൽ പറയുന്നു.