ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വിമാനം ആകാശചുഴിയിൽ വീണതിനെത്തുടർന്ന് ആടിയുലഞ്ഞപ്പോൾ ഒരാൾ തൽക്ഷണം മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. ഇതേതുടർന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777-300ER വിമാനം പ്രാദേശിക സമയം 3.45ന് ബാങ്കോക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.
37000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് ആടിയുലഞ്ഞ് മൂന്ന് മിനിറ്റിനുള്ളിൽ 31000 അടിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ആകെ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്ന് എയർലൈൻ അറിയിച്ചു. ഇക്കാര്യം സിംഗപ്പൂർ എയർലൈൻസ് തന്നെയാണ് എക്സിലൂടെ അറിയിച്ചിരിക്കുന്നത്. മരിച്ചയാളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നതായി സിംഗപ്പൂർ എയർലൈൻസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
“വിമാനത്തിലെ എല്ലാ യാത്രക്കാർക്കും ജീവനക്കാർക്കും സാധ്യമായ എല്ലാ സഹായവും നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് ഞങ്ങൾ തായ്‌ലൻഡിലെ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നു, കൂടാതെ ആവശ്യമായ അധിക സഹായം നൽകുന്നതിന് ഒരു ടീമിനെ ബാങ്കോക്കിലേക്ക് അയയ്ക്കുന്നു,” സിംഗപ്പൂർ എയർലൈൻസ് വ്യക്തമാക്കി.
വായുവേഗത്തിൽ വലിയ വ്യതിയാനങ്ങൾ സംഭവിക്കുന്ന സമയത്ത് വിമാനത്തിന്റെ ഗതി മാറി നിയന്ത്രണം വിടുമ്പോഴാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നത്. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ മുൻപും യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ടെങ്കിലും മരണം സംഭവിക്കുന്നത് അപൂർവമായാണ്.
2000 ഒക്ടോബറിന് തായ്വാനിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്ന് 83 പേർ മരിച്ചതിനുശേഷം സിംഗപ്പൂർ എയർലൈൻസ് അപകടത്തിൽപ്പെട്ട് മരണം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.
ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ കണക്കനുസരിച്ച്, സിംഗപ്പൂർ എയർലൈൻസ് ഇതുവരെ ഏഴ് തവണ മാത്രമാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.