യുകെയിൽ ലൈംഗിക ആരോപണക്കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ലങ്കാഷയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിലെ സർജനായ അമൽ ബോസിനെതിരെയാണ് കേസ്. ആശുപത്രിയിലെ തന്നെ ജീവനക്കാരാണ് ഇയാൾക്കെതിരെ പരാതിയുമായി എത്തിയത്. കുറ്റാരോപിതനായ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്വേഷണത്തിൻെറ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് പോലീസും അറിയിച്ചു.
നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിന് കീഴിലാണ് ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രി പ്രവർത്തിക്കുന്നത്. അവർ തന്നെയാണ് പോലീസിന് ജീവനക്കാരുടെ പരാതി കൈമാറിയത്. കഴിഞ്ഞ മാർച്ചിലാണ് ആശുപത്രി ജീവനക്കാരായ ചിലർ അമൽ ബോസിനെതിരെ മാനേജ്മെൻറിന് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് അന്വേഷണം നടന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോലീസ് അമൽ ബോസിനെതിരെ കേസെടുത്തത്. ജൂൺ 7ന് ഇയാളെ ലങ്കാസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. “ആറ് സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമൽ ബോസ് എന്ന വ്യക്തിക്കെതിരെ 2003ലെ ലൈംഗിക കുറ്റകൃത്യ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ലങ്കാഷെയർ പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പല തവണയായി ഇയാൾ ലൈംഗിക പീഡനത്തിന് ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
“2017നും 2022നും ഇടയിലുള്ള കാലത്താണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത്. പലതവണ പീഡനശ്രമം ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ പരാതി നൽകിയവരെല്ലാം തന്നെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാരാണ്,” പോലീസ് വാർത്താക്കുറിപ്പ് പറയുന്നു.
“ഈ വർഷം മാർച്ച് 14നാണ് ഇത്തരമൊരു പരാതിയുണ്ടെന്ന് ആശുപത്രി മാനേജ്മെൻറായ നാഷണൽ ഹെൽത്ത് സർവീസ് ഞങ്ങളെ അറിയിക്കുന്നത്. ജീവനക്കാരായ നിരവധി പേരാണ് ഡോക്ടർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നു. അതിന് ശേഷമാണ് കുറ്റക്കാരനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്,” പോലീസ് കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ പ്രധാനപ്പെട്ട ഡോക്ടർമാരിൽ ഒരാളായിരുന്നു അമൽ ബോസ്. ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിലെ കാർഡിയോ വാസ്കുലർ സർജറി വിഭാഗത്തിൻെറ തലവനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
“ലൈംഗിക ആരോപണ പരാതിയിൽ ഞങ്ങളുടെ പഴയ ഒരു ജീവനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നത് ശരിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്,” ആശുപത്രിയുടെ വക്താക്കളിൽ ഒരാൾ പറഞ്ഞു. “കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും പോലീസുമായി സഹകരിക്കുമെന്ന് ഞങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടി തന്നെ ഉണ്ടാവണം,” ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
“ആശുപത്രിയുടെ അന്തരീക്ഷം നിലവിൽ സമാധാനപരവും സുരക്ഷിതവുമാണെന്നാണ് രോഗികളോടും ബന്ധുക്കളോടും ഞങ്ങൾക്ക് പറയാനുള്ളത്. ആശുപത്രിയിലെ എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ തന്നെയാണ് നടക്കുന്നത്. ജനങ്ങളിൽ നിന്നും നേരത്തെ ഉണ്ടായ തരത്തിലുള്ള സഹകരണം തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം സുതാര്യമായി മുന്നോട്ട് പോവും,” ആശുപത്രി വക്താവ് പറഞ്ഞു.