റിയാദ്: ദിയാ ധനം കൈമാറിയതോടെ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ദിയാ ധനമായ 15 മില്യണ്‍ റിയാലിന്റെ സെര്‍ട്ടിഫൈഡ് ചെക്ക് ആണ് കൈമാറിയത്.
റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം നിയമ സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിയുടെ പേരില്‍ ചെക്ക് ഇഷ്യൂ ചെയ്തതിനാല്‍ മരിച്ച ബാലന്റെ അനന്തരാവകാശം സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾ പിന്നീട് ഉയർന്നാലും അത് റഹിം സഹായ സമിതിയ്ക്കു ബാധ്യതയാവില്ല എന്നാണ് വിലയിരുത്തൽ. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ചെയ്തതെന്നും നിയമ സഹായ സമിതി അറിയിച്ചു.
സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 2322 പേർ ഹജ്ജിനെത്തും
റിയാദ്: ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഹജ്ജിനെത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇത്രയും തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
88 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1300 തീർഥാടകർ, പലസ്തീൻ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 1000 പേർ, സൗദിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളിൽ നിന്ന് 22 പേർ ഇതിലുൾപ്പെടും. ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സിയാറ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേർ ഹജ്ജിനെത്തുക. സൗദി മതകാര്യ വകുപ്പ് ആണ് ഇത് നടപ്പിലാക്കുന്നത്. തീർഥാടകർ സ്വദേശത്ത് നിന്ന് പുറപ്പെട്ടതു മുതൽ ഹജ്ജ് കഴിഞ്ഞു തിരിച്ചുപോകുന്നതുവരെയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകൾ സൗദി ഭരണകൂടമാണ് വഹിക്കുക.