പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘എല്ലാ കണ്ണുകളും റഫയിലേക്ക്’എന്ന ക്യാംപെയ്ൻ കഴിഞ്ഞ ദിവസങ്ങളിൽ വന്‍ തരംഗം സൃഷ്ടിച്ചാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചത്. ഇപ്പോഴിതാ റഫയ്ക്ക് പിന്നാലെ ‘എല്ലാ കണ്ണുകളും കോംഗോയിലേക്ക്” എന്ന ഹാഷ്‌ടാഗ് ക്യാംപെയിനും സൈബറിടത്ത് വൈറലാവുകയാണ്. റഫയിലെ സാഹചര്യങ്ങൾക്ക് സമാനമായി പതിറ്റാണ്ടുകളായി ആഫ്രിക്കയിൽ നിലനിൽക്കുന്ന യുദ്ധ പ്രതിസന്ധികളിലേക്ക് ആഗോള ജനശ്രദ്ധ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാംപെയിൻ നടത്തുന്നത്. ഇവിടെ പലപ്പോഴുമായി നടന്ന അതിക്രമങ്ങളുടെ വേദനയുളവാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതോടൊപ്പം പങ്കുവയ്ക്കുന്നുണ്ട്. കോംഗോയിലെ കുട്ടികളുടെ ദീനത വെളിവാക്കുന്ന ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ 8 ലക്ഷത്തിലധികം ആളുകൾ പങ്കുവെച്ചു.
യുദ്ധ പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും എണ്ണമറ്റ വ്യക്തികളെ കുടിയൊഴിപ്പിക്കുകയും ചെയ്ത, ഡിആർസിയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) സംഘർഷ പശ്ചാത്തലം ഉയർത്തിക്കാട്ടാനും ഇതിന് വിരാമമിടാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എക്‌സിലും ഇത് സംബന്ധിച്ച നിരവധി പോസ്റ്റുകൾ ആളുകൾ പങ്കുവെച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ഫ്രണ്ട്സ് ഓഫ് കോംഗോ പോലുള്ള അഭിഭാഷക ഗ്രൂപ്പുകളും ഈ ഗൗരവമാറിയ വിഷയം ചൂണ്ടിക്കാട്ടി.
കോംഗോ ദേശീയ ടീമിൻ്റെ ഫുട്ബോൾ കളിക്കാരനായ യാനിക്ക് ബോലാസിയും റഫയെ പോലെ കോംഗോയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡിആർസിയിലെ സംഘർഷം ആഗോളതലത്തിലെ തന്നെ ഏറ്റവും കടുത്ത മാനുഷിക പ്രതിസന്ധികൾക്കാണ് വഴിയൊരുക്കിയത്. ധാതുക്കളാൽ സമ്പന്നമായ ഒരു രാജ്യത്ത് വർഷങ്ങളോളം നീണ്ടുനിന്ന സംഘർഷങ്ങളുടെ ഫലമായി 60 ലക്ഷം ആളുകൾ കൊല്ലപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ എം 23 ഉൾപ്പെടെയുള്ള വിമത ഗ്രൂപ്പുകൾ ഡിആർസിയെ പിടിച്ചെടുക്കാനും നിയന്ത്രണ വിധേയമാക്കാനും മത്സരിക്കുകയാണ്. ഇത് കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുന്നു.
2012-ൽ കോംഗോ സൈന്യത്തിൽ നിന്ന് മാറിയ വിമത സംഘമാണ് എം 23. തുടർന്ന് കോംഗോയ്ക്കെതിരെയുള്ള ആക്രമണം ഇവർ പുനരാരംഭിച്ചു. നിലവിൽ തന്ത്രപ്രധാനമായ ഖനന നഗരമായ റുബായ പോലുള്ള പ്രധാന മേഖലകളെ ലക്ഷ്യം വെച്ചാണ് എം 23 മുന്നോട്ടുപോകുന്നത്. അയൽരാജ്യമായ റുവാണ്ടയുടെ പിൻഗാമിയാണ് എം 23 എന്നും ഐക്യരാഷ്ട്രസഭയും ഡിആർസിയും ആരോപിക്കുന്നു. എന്നാൽ ഈ വാദം റുവാണ്ട അംഗീകരിച്ചിട്ടില്ല. കൂടാതെ ഫെബ്രുവരിയിൽ, ഡിആർസിയിൽ പ്രകടനക്കാർ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് അമേരിക്കൻ, ബെൽജിയൻ പതാകകൾ കത്തിക്കുകയും ചെയ്തിരുന്നു.
അതേസമയം 1994 ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കൊലയും കോംഗോയിലേക്ക് ഹുട്ടു അഭയാർത്ഥികളുടെ വൻതോതിലുള്ള കുത്തൊഴുക്കുമെല്ലാം വർഷങ്ങൾക്കു മുൻപേ ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടിയ കാരണങ്ങളാണ്. ഇതിന് പിന്നാലെയാണ് 1998ൽ രണ്ട് യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇത് 54 ലക്ഷത്തോളം കോംഗോക്കാരുടെ മരണത്തിന് ഇടയാക്കി. എം 23 വിമതർ ആൾക്കൂട്ട കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഡിആർസിയിൽ നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇൻ്റർനാഷണൽ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
ഇതിനുപുറമേ ദശാബ്ദങ്ങൾ നീണ്ട പ്രതിസന്ധിയുടെ മറ്റൊരു ഇരയാണ് സുഡാൻ. 2003-ലെ ഡാർഫർ സംഘർഷത്തിന് ശേഷം രാഷ്ട്രീയ അശാന്തിക്ക് സാക്ഷ്യം വഹിക്കുന്ന സുഡാനിൽ ഒരു ദശാബ്ദത്തിന് ശേഷം ആഭ്യന്തരയുദ്ധവും നടന്നു. അതിനാൽ സുഡാനെ പിന്തുണച്ചും സോഷ്യൽ മീഡിയ ക്യാംപെയിനുകൾ രംഗത്തെത്തുന്നുണ്ട്.