യുഎസിലെ ടെക്‌സസ്, കെന്റക്കി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വൈദ്യുതി ബന്ധം താറുമാറായതോടെ വൈദ്യുതിയില്ലാതെ ഇവിടെ വലയുന്നത് 7.54 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ സമതലങ്ങളിലും ഓസാര്‍ക്ക് പര്‍വതനിരകളിലും നാല് യുഎസ് സംസ്ഥാനങ്ങളിലും വീശിയ ചുഴലിക്കാറ്റിലും ഇടിമിന്നലിലും 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേയ് 28ന് വീശിയടിച്ച കനത്ത കാറ്റിലും ഇടിമിന്നലിലും വ്യാപകനാശനഷ്ടങ്ങള്‍ ഉണ്ടായതായി പവര്‍ഔട്ടേജ് ഡോട്ട് യുഎസ് റിപ്പോര്‍ട്ടു ചെയ്തു.
കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദ്യുത സ്ഥാപനമായ സെംപ്ര എനര്‍ജി എസ്ആര്‍ഇ.എന്നിന്റെ ഡിവിഷനായ ഓങ്കോറില്‍ വൈദ്യുതി മുടങ്ങിയത് കാരണം ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയിലെ 5.4 ലക്ഷം പേര്‍ ഒറ്റപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയിലും പരിസരപ്രദേശങ്ങളിലും മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശി. ഇവിടെ ആലിപ്പഴ വീഴ്ചയും ഇടിമിന്നലും മൂലമുണ്ടായ തടസ്സങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും വേണ്ട നടപടികള്‍ സ്വീകരിച്ചതായും ഓങ്കോര്‍ അറിയിച്ചു.
മധ്യ, വടക്കന്‍ ടെക്‌സാസ് മേഖലകളില്‍ ചൊവ്വാഴ്ച കാലാവസ്ഥ പ്രതികൂലമായിരുന്നു. ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. വലിയ ആലിപ്പഴങ്ങള്‍ വീഴാനും ഇടിമിന്നലും മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. മണിക്കൂറില്‍ 75 മൈല്‍ വേഗതയിലുള്ള കാറ്റും സോഫ്റ്റ്‌ബോളിന്റെ വലുപ്പമുള്ള ആലിപ്പഴവും വീഴാന്‍ സാധ്യതയുണ്ട്.
20ല്‍ പരം സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റോ ആലിപ്പഴ വീഴ്ചയോ ഉണ്ടായതായി 600ല്‍പരം റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശക്തമായ കൊടുങ്കാറ്റില്‍ വൈദ്യുതി ലൈനുകള്‍ മുറിഞ്ഞുവീണു. കാറുകള്‍ തെറിച്ചുപോകുകയും ഒട്ടേറെ വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കിഴക്കന്‍ മേഖലയില്‍ മേയ് 27-ന് വീശിയടിച്ച കൊടുങ്കാറ്റില്‍ രണ്ട് ലക്ഷത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചിരുന്നു. കെന്റക്കിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെക്‌സസ്, മിസോറി, അര്‍ക്കന്‍സാസ്, അലബാമ, വെസ്റ്റ് വിര്‍ജീനിയ, വിര്‍ജീനിയ എന്നിവടങ്ങളിലും വൈദ്യുത തടസ്സം നേരിട്ടു.