വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശനത്തെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. പ്രധാനമന്ത്രിയുടെ പോളണ്ടിലെയും ഉക്രെയ്‌നിലെയും സന്ദർശനങ്ങളെയും സമാധാനം സ്ഥാപിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സന്ദേശത്തെയും അഭിനന്ദിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ബൈഡൻ നരേന്ദ്ര മോദിയെ വിളിച്ചതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രതിസന്ധിയെക്കുറിച്ചും അയൽരാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളുടെയും ഹിന്ദുക്കളുടെയും സുരക്ഷയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. സെപ്റ്റംബറിൽ നടക്കുന്ന യുഎൻ അസംബ്ലി യോഗത്തെക്കുറിച്ചും ചർച്ച നടത്തി.
ഉക്രെയ്ൻ സന്ദർശനത്തെക്കുറിച്ച് ബൈഡനോട് മോദി വിശദീകരിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിവിധ പ്രാദേശിക, ആഗോള വിഷയങ്ങളും മോദിയും ബൈഡനും ചർച്ച ചെയ്തു. ക്വാഡ് ഉൾപ്പെടെയുള്ള ബഹുമുഖ വേദികളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. മോദിയുടെ പോളണ്ട്, ഉക്രെയ്ൻ സന്ദർശനത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് സംഭാഷണം നടന്നത്.
45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രസിഡൻ്റ് ആൻഡ്രെജ് ദുഡയുമായും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും പ്രധാനമന്ത്രി മോദി ചർച്ച നടത്തി. പോളണ്ട് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഉക്രൈൻ സന്ദർശിച്ചു. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഉക്രെയ്‌നിലേക്ക് പ്രവേശിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നിവയും ചർച്ച ചെയ്യപ്പെട്ടു. കഴിഞ്ഞ മാസം റഷ്യ സന്ദർശിച്ച പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സെലെൻസ്കി ഈ പ്രശ്നത്തെ വിമർശിച്ചു. കഴിഞ്ഞ ജൂണിൽ ഇറ്റലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ മോദി സെലെൻസ്‌കിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.