ദില്ലി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി ഒരു സൈനിക വിമാനം പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ഇന്ത്യയിലേക്ക് അയക്കാൻ അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മുമ്പ് 18,000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാട് കടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഈ വിമാനം ഇന്ത്യയിൽ എത്തുമെന്ന് സൂചനയുണ്ട്. അനധികൃത കുടിയേറ്റത്തിന് പരിഹാരം കാണുന്നതിനായി ട്രംപ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.
യുഎസ് മെക്സിക്കോ അതിർത്തിയിലേക്ക് അധിക സൈന്യത്തെ അയച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ സൈനിക ബേസുകളിൽ എത്തിച്ച ശേഷം, അവരെ സൈനിക വിമാനങ്ങളിലൂടെ തിരികെ അയയ്ക്കുന്നതായി റിപ്പോർട്ടുകൾ ലഭ്യമാണ്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടിട്ടുണ്ട്. ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തിയ ശേഷം, ഇന്ത്യയിലേക്കാണ് ആദ്യമായി ഇത്തരത്തിൽ കുടിയേറ്റക്കാരെ തിരികെ അയച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരമേറ്റതിന്റെ പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. പുതിയ ഭരണകൂടം സത്യപ്രതിജ്ഞ ചെയ്തതിന് മൂന്ന് ദിവസത്തിനുള്ളിൽ 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതും, നൂറുകണക്കിന് ആളുകളെ സൈനിക വിമാനം ഉപയോഗിച്ച് നാടുകടത്തിയതും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കാനിരിക്കുമ്പോൾ, അനധികൃത കുടിയേറ്റക്കാർക്കായി സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നു. 12, 13 തീയതികളിലാണ് സന്ദർശനം. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ യാത്ര. അമേരിക്കയിൽ എത്തുന്ന മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും.