അടുത്ത അഞ്ച് ദിവസത്തേക്ക് മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒരു പ്രദേശത്തും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും മലയോര മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ഇന്നലെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ രാജസ്ഥാനിനും മധ്യപ്രദേശിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനിന് മുകളിലേക്ക് നീങ്ങാനാണ് സാധ്യത. കൂടാതെ, വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ മഴ വീണ്ടും കനത്തേക്കും. കേരളാ തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.