പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മഴവെള്ള പ്പാച്ചിൽ. അനങ്ങൻ മലയ്ക്ക് മുകളിൽ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാർജ്ജിച്ച് കുത്തിയൊഴുകുകയായിരുന്നു. മലവെള്ളം കുത്തിയൊലിച്ച് വന്നതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ശക്തമായ വെള്ളപ്പാച്ചിലിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഇതിനെത്തുടർന്ന് പ്രദേശത്ത് ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. സ്കൂളുകൾ വിട്ട നേരമായതിനാൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്ര ബുദ്ധിമുട്ടിലാക്കി. അനങ്ങൻ മലയുടെ വിവിധ ഭാഗങ്ങളിൽ സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.