എല്ലാവരും ഒറ്റക്കെട്ടായി പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐ(എം) തിരുവനന്തപുരത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഒറ്റക്കെട്ടായി അണിനിരന്ന് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സമയമാണിത്. പലസ്തീന് നേരെ ഇസ്രയേല്‍ നടത്തുന്നത് എല്ലാ സീമകളും ലംഘിച്ചു കൊണ്ടുള്ള ആക്രമണമാണ്. ഇതിന് ഇസ്രയേലിനെ പ്രാപ്തമാക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയാണ്.
ഒരുകാലത്ത് യഹൂദരും ജൂതരും വലിയ രീതിയില്‍ വേട്ടയാടപ്പെട്ടു. ഹിറ്റ്‌ലറുടെ നാസിപ്പടയായിരുന്നു ജൂതരെ ശത്രുക്കളായി കരുതി ആക്രമണം അഴിച്ചുവിട്ടത്. ഹിറ്റ്‌ലറുടെ നയത്തെ ലോകമാകെ തള്ളിപ്പറഞ്ഞു. എന്നാല്‍ ഹിറ്റ്‌ലറുടെ ആക്രമണത്തെ ഇന്ത്യയില്‍ ന്യായീകരിച്ച ഒരു കൂട്ടര്‍ ഉണ്ടായിരുന്നു. അവരാണ് ആര്‍എസ്എസ്. ഹിറ്റ്‌ലറുടെ നിലപാട് മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമെന്ന നിലപാട് ആര്‍എസ്എസ് സ്വീകരിച്ചു. ഹിറ്റ്‌ലര്‍ പറഞ്ഞത് അതേപടി ആര്‍എസ്എസ് പകര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രയേലിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ കിട്ടിയിട്ടുണ്ട്. ആയുധങ്ങള്‍ ഉള്‍പ്പെടെ നല്‍കി. നിസ്സഹായരായ പലസ്തീന്‍ ജനതയ്‌ക്കെതിരെ ഭീകരമായ അക്രമം ഇസ്രയേല്‍ അഴിച്ചുവിടുന്നു. ഇസ്രയേലും ഇന്ത്യയും ഒരുപോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് ഇസ്രയേലിനെ ഇന്ത്യ പിന്തുണക്കുന്നത്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.