സ്വർണ്ണക്കടത്തു നടത്തിയ കൊൽക്കത്ത സ്വദേശിനിയായ എയർ ഹോസ്റ്റസ് സുരഭിക്കു പിന്നാലെ കണ്ണൂർ സ്വദേശിയായ സീനിയർ ക്യാബിൻ ക്രൂ അംഗവും അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരനായ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. യുവതിയെ റിക്രൂട്ട് ചെയ്തതിൽ സുഹൈലിന് പങ്കുണ്ടെന്ന ഡിആർഐയുടെ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്) കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. സുരഭി നിലവിൽ കണ്ണൂർ വനിതാ ജയിലിലാണ്.
പ്രത്യേക രഹസ്യാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ, കണ്ണൂരിലെ ഡിആർഐ, മെയ് 28 ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ക്യാബിൻ ക്രൂ അംഗം കൊൽക്കത്ത സ്വദേശി സുരഭി ഖാത്തൂണിനെ പിടികൂടുകയായിരുന്നു. തിരച്ചിലിൽ സംയുക്ത രൂപത്തിലുള്ള 960 ഗ്രാം സ്വർണം കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനും ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതിയെ കണ്ണൂരിലെ വനിതാ ജയിലിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയതിന് ഒരു എയർലൈൻ ക്രൂ അംഗം പിടിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ കേസാണിത്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ശേഖരിച്ച തെളിവുകൾ പ്രകാരം ഖാത്തൂൺ നിരവധി തവണ സ്വർണം കടത്തിയെന്നാണ് സൂചന.
“കണ്ണൂർ വിമാനത്താവളത്തിൽ ഒരു ജീവനക്കാരി ഉൾപ്പെട്ട സംഭവം കസ്റ്റംസ് അധികൃതർ അന്വേഷിക്കുന്നുണ്ടെന്ന് ഞങ്ങൾ സ്ഥിരീകരിക്കുന്നു. ഞങ്ങൾ അന്വേഷണ അധികാരികളുമായി സഹകരിക്കും,” എന്ന് ഒരു എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
2023 മാർച്ചിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 1.4 കിലോഗ്രാം സ്വർണം കടത്തിയതിന് മറ്റൊരു എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ അംഗം ഷാഫി ഷറഫിനെ അറസ്റ്റ് ചെയ്തിരുന്നു. കൈയ്യിൽ പ്ലാസ്റ്റിക് ബാൻഡുകളിൽ പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം ഒളിപ്പിച്ചിരുന്നത്.