പനമരം: വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അച്ഛനും ചികിത്സിച്ച നാട്ടുവൈദ്യനുമെതിരെ കേസ്. അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാനായിരുന്നു മരിച്ചത്. അല്‍ത്താഫിനെതിരെയും വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജിനെതിരെയുമാണ് കേസെടുത്തത്. ജൂണ്‍ 20നായിരുന്നു കുട്ടി മരിച്ചത്.
ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ നാട്ടുവൈദ്യനടുത്തെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കുട്ടിയുടെ അച്ഛനും വൈദ്യനുമെതിരെ കേസെടുത്തിരിക്കുന്നത്.