കാര്‍വാര്‍: കര്‍ണ്ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മലയാളി അര്‍ജുന്‍ അടക്കം മൂന്ന് പേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. പത്ത് പേരെ കാണാതായിരുന്നു. അതില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കളക്ടര്‍ പറഞ്ഞു.
‘രക്ഷാപ്രവര്‍ത്തനം ആറ് മണിക്ക് ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള സാങ്കേതിക സഹായത്തിന് ഒരാള്‍ കൂടിയെത്തും. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് എത്തുന്നത്. ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ എന്ന ഡിവൈസുമായാണ് അദ്ദേഹം വരുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയില്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകും,’ കളക്ടര്‍ പ്രതികരിച്ചു.
മലയാളിയായ അര്‍ജുന്‍, നായിക് എന്ന് പേരുള്ള സ്ത്രീ, ഇവരെ കൂടാതെ ഡ്രൈവറോ ക്ലീനറോ ആയ മറ്റൊരാള്‍ എന്നിവരെയാണ് കണ്ടെത്താനുള്ളതെന്ന് എസ് പി നാരായണയും പ്രതികരിച്ചു. മണ്ണിടിച്ചില്‍ സാധ്യതയും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. 400 മീറ്റര്‍ ചളി നീക്കം ചെയ്തു. റാഡറും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ജിപിഎസ് കാണിച്ച സ്ഥലത്തെത്തുമെന്നും നാരായണ പ്രതികരിച്ചു.
അപകടസാധ്യതയുള്ള സ്ഥലമാണ്. അതിനാലാണ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കടത്തിവിടാത്തത്. നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് കൃത്യമായി വിവരങ്ങള്‍ കൈമാറും, സഹകരിക്കണമെന്നും എസ്പിയും കളക്ടറും വ്യക്തമാക്കി.