ചിറ്റൂർ : പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ പുഴയിൽ കുടുങ്ങി. ഇരുവരെയും കരയിലേക്കു കയറ്റിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കുട്ടികളെ രക്ഷിച്ചത്. പുഴയിലേക്ക് ഏണിയിറക്കിയാണ് കുട്ടികളെ കരയ്ക്കു കയറ്റിയത്.
കഴിഞ്ഞദിവസം അപകടം നടന്ന നറണി തടയണയ്ക്ക് സമീപമാണ് കുട്ടികൾ കുടുങ്ങിയത്. മൂന്നു കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം ഉയർന്നതോടെ കുട്ടികളിൽ ഒരാൾ നീന്തി തിരികെ കരയിലേക്ക് കയറി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വൈകാതെ തന്നെ രക്ഷാപ്രവർത്തകർക്ക് കുട്ടികളുടെ അടുത്തേക്ക് എത്തുകയായിരുന്നു.
കുട്ടികൾ നിൽക്കുന്ന ഭാഗത്ത് പുഴയ്ക്ക് ആഴം കുറവാണെങ്കിലും ശക്തമായ നീരൊഴുക്കാണുണ്ടായിരുന്നത്. ആളിയാർ മേഖലയിൽ മഴ ശക്തമായതോടെയാണ് മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നത്. ഇതോടെ ചിറ്റൂർ പുഴയിൽ ശക്തമായ നീരൊഴുക്കുണ്ടാകുകയായിരുന്നു.