ഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞാൽ രക്ഷപ്പെടുമായിരുന്നെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത് ഷായെ പ്രസംഗത്തിലേക്ക് വലിച്ചിഴച്ചതിൽ കേന്ദ്ര നേതാക്കൾ അതൃപ്തരാണെന്ന് വ്യക്തം. മന്ത്രിയായി സിനിമയിൽ അഭിനയിക്കാൻ സുരേഷ് ഗോപിക്ക് അവസരം ലഭിച്ചേക്കില്ല. കടുത്ത നിലപാട് തുടരുകയാണെങ്കിൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
ഫിലിംചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗം ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു. അഭിനയിക്കുന്നതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി. അഭിനയിക്കണമെന്ന സുരേഷ് ഗോപിയുടെ അപേക്ഷ ഇതുവരെ മാനിച്ചിട്ടില്ല. ഈ ആവശ്യം ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ അവലോകനത്തിന് ശേഷം മാത്രമേ സർക്കാരിന് തീരുമാനമെടുക്കാൻ കഴിയൂ. നിലവിലെ നിയമപ്രകാരം മന്ത്രിമാർ മറ്റ് വരുമാന മാർഗങ്ങൾ തേടേണ്ടതില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സുരേഷ് ഗോപിക്ക് അനുമതി ലഭിച്ചാൽ മറ്റുള്ളവർക്കും ആവശ്യങ്ങൾ ഉന്നയിക്കാം. പ്രതിസന്ധികളും നിയമപ്രശ്നങ്ങളും ഉണ്ടായേക്കാമെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അമിത് ഷായെ പ്രസംഗത്തിലേക്ക് വലിച്ചിഴച്ചതിലും കേന്ദ്ര നേതാക്കളും അതൃപ്തരാണ്. മന്ത്രിയെന്ന നിലയിൽ എപ്പോഴും വിവാദമുണ്ടാക്കുന്ന സുരേഷ് ഗോപിയോടുള്ള അതൃപ്തി സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വത്തോട് അറിയിച്ചു.
അതേസമയം, സുരേഷ് ഗോപിയുടെ പരാമർശത്തിൽ മോദി സർക്കാരിനെതിരായ വിമർശനം കോൺഗ്രസ് ശക്തമാക്കി. മന്ത്രിമാർക്ക് എന്തും വിളിച്ച് പറയാൻ കഴിയുന്ന സാഹചര്യം മോദിയുടെ ദൗർബല്യത്തിൻ്റെ തെളിവാണെന്ന് മാണിക്കം ടാഗോർ എംപി വിമർശിച്ചു.