തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് നീങ്ങി ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത. തുടർന്ന് ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശിലും തെക്കൻ ഒഡീഷയിലും സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തിയേറിയ ന്യൂനമർദ്ദമായി മാറി. ശക്തമായ ന്യൂനമർദം പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയും അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറുകയും ചെയ്യും. അതിനാൽ, ഈ ആഴ്ച കേരളത്തിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് (ഓഗസ്റ്റ് 30) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ഏഴ് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.