തിരുവനന്തപുരം: രാജ്യത്തെ ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. അവസാനഘട്ടത്തിലേക്ക് എത്തിയ 76 സ്റ്റേഷനുകളിൽ നിന്നാണ് ആലത്തൂര്‍ സ്റ്റേഷനു ഈ പ്രശംസ ലഭിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുക്കുന്നതിന് വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ കുറ്റാന്വേഷണങ്ങൾ, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പ്, റെക്കോർഡ് റൂം എന്നിവ ഉൾപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടികൾ, കേസുകളിലെ അന്വേഷണ പുരോഗതി, പരാതികളുടെ പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികൾ എന്നിവയും, മറ്റ് ജനക്ഷേമ പ്രവർത്തനങ്ങളും പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂർ സിറ്റിയിലെ വളപട്ടണം പോലീസ്സ്റ്റേഷനുകൾ മുൻവർഷങ്ങളിൽ രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.