പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ ഒരു പെൺകുട്ടിയെ 60-ലധികം പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 13 വയസ്സിൽ നിന്ന് തുടർന്നുള്ള ചൂഷണത്തിന് ഇരയായതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കേസിൽ, ഇന്നലെ ഇലവുംതിട്ട പൊലീസ് അഞ്ച് പേരെ അറസ്റ്റു ചെയ്തു. പത്തനംതിട്ട, കോന്നി തുടങ്ങിയ ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സിഡബ്ല്യുസിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതോടെ മറ്റ് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇപ്പോൾ 18 വയസ്സായ പെൺകുട്ടിക്ക് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി പീഡനമുണ്ടായതായി സിഡബ്ല്യുസി വഴി പൊലീസിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും, മറ്റ് കായിക താരങ്ങളും, സഹപാഠികളും ഉൾപ്പെടുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയ വിവരം.