തിരുവനന്തപുരം: കേരളത്തിലെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് സാധാരണ താപനിലയിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധനവുണ്ടാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ, ദുരന്ത നിവാരണ അതോറിറ്റി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ നിർദ്ദേശിക്കുന്നു.
– പകൽ 11 മുതൽ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കുക.
– പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
– നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.
– അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
– പുറത്ത് പോകുമ്പോൾ പാദരക്ഷകൾ ധരിക്കുക. കൂടാതെ, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
– പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) എന്നിവിടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഫയർ ഓഡിറ്റ് നടത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങളും ശ്രദ്ധിക്കണം.