ഡല്‍ഹി: ജി20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനത്ത് എത്തിയ ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗത്തിന്റെ ബാഗ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയെന്ന് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഈ സംഭവ വികാസങ്ങള്‍ നടന്നതെന്നാണ് വിവരം. നഗരത്തിലെ നയതന്ത്ര കേന്ദ്രമായ ചാണക്യപുരിയിലെ താജ് പാലസ് ഹോട്ടലിലാണ് ചൈനീസ് പ്രതിനിധികള്‍ താമസിച്ചിരുന്നത്.
ചൈനീസ് പ്രതിനിധി സംഘത്തിലെ അംഗമായ വ്യക്തി ഹോട്ടലിലേക്ക് ഒരു ബാഗ് കൊണ്ടുവന്നിരുന്നു. ഈ ബാഗ് പരിശോധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് നിരസിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ബാഗ് പരിശോധിക്കണമെന്ന് പോലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ചൈനീസ് പ്രതിനിധി അനുവദിക്കാതിരുന്നത് ബഹളത്തിനിടയാക്കി.
ഒടുവില്‍ ബാഗ് പരിശോധിക്കാതെ പ്രതിനിധി സംഘത്തിലെ അംഗം ചൈനീസ് എംബസിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബാഗിന്റെ ഉള്ളടക്കം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. പിന്നീട്, കൂടുതല്‍ ചൈനീസ് പ്രതിനിധികള്‍ ഹോട്ടലിലെത്തിയെങ്കിലും അവര്‍ ബാഗുകള്‍ പരിശോധിക്കുന്നത് എതിര്‍ക്കാതെ പരിശോധനയുമായി സഹകരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 9-10 തീയതികളിലാണ് പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം കണ്വെന്ഷന് ഹാളിലാണ് ജി20 ഉച്ചകോടി നടന്നത്. ജി20യില്‍ ചൈനീസ് സംഘത്തെ പ്രതിനിധീകരിച്ചത് പ്രധാനമന്ത്രി ലി ക്വിയാങാണ്. പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.