സുപ്രീം കോടതിയില്‍ വാക്ക് പോരില്‍ കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും. കേന്ദ്ര ഏജന്‍സിയായ സിബിഐയെ കേന്ദ്രം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ തുറന്നടിച്ചു. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി, അന്വേഷണങ്ങള്‍ അട്ടിമറിക്കാനാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഇതിന് മറുപടിയായി കേന്ദ്ര ഏജന്‍സി ഒരു സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറല്‍ സംവിധാനത്തിനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, അരവിന്ദ് കുമാര്‍ എന്നിവരുടെ ബഞ്ചിനു മുന്നില്‍ നടന്ന വാദത്തില്‍ സിബിഐ അന്വേഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന വാദം നിലനില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാരിന് അന്വേഷണ ഏജന്‍സിയുടെ മേല്‍ ഒരു നിയന്ത്രണവുമില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. സ്വതന്ത്രവും സ്വയംഭരണാധികാരവുമുള്ള ഏജന്‍സിയാണ് സിബിഐയെന്നും അദ്ദേഹം വാദിച്ചു.
2018ല്‍ സിബിഐയുടെ പൊതുസമ്മതം പിന്‍വലിച്ച സംസ്ഥാനം, കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ ഒരു കേസ് അന്വേഷിക്കാന്‍ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കാന്‍ ഏജന്‍സിക്ക് അധികാരമില്ലെന്ന് കോടതിയില്‍ നിന്ന് പ്രഖ്യാപനം തേടി. സംസ്ഥാനത്തിന്റെ ഹര്‍ജി അനുവദിക്കുന്നത് സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഭരണഘടനാപരമായ കോടതികളുടെ എല്ലാ ഉത്തരവുകളും റദ്ദാക്കുന്നതിന് തുല്യമാകുമെന്ന് മേത്ത പറഞ്ഞു.
സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷിക്കുന്നതിനും ശിക്ഷ നടപ്പാക്കുന്നതിലും കേന്ദ്രത്തിന്റൈ ഇടപെടലുകളില്ല. സിബിഐ കേന്ദ്രത്തിന്റെ ഭാഗവുമല്ല. സംസ്ഥാനത്ത് സിബിഐ അന്വേഷിച്ച പല കേസുകളും സുപ്രീംകോടിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും നിര്‍ദ്ദേശപ്രകാരമാണെന്നും മേത്ത പറഞ്ഞു. കേന്ദ്രത്തിന് എതിരെയാണ് ഹര്‍ജി എങ്കിലും യാഥാര്‍ത്ഥ്യം അത് സിബിഐക്ക് എതിരാണെന്നതാണ്. സംസ്ഥാനത്തിന്റെ ഹര്‍ജി കോടതിയെ കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രം ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും സിബിഐയ്ക്ക് എതിരല്ല സംസ്ഥാനമെന്നും സിബിഐ അന്വേഷണം സംസ്ഥാനത്തിന്റെ അനുവാദത്തോടെയായിരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്നും കബില്‍ സിബല്‍ പറഞ്ഞു.