ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു മലിനീകരണം അതി രൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിസിബി) കണക്കനുസരിച്ച് ദേശീയ തലസ്ഥാനം വിഷ പുകയിൽ മുങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എക്യുഐ) രേഖപ്പെടുത്തിയത്.
ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്.
രാവിലെ ആറു മണിക്ക്, ബവാനയിലെ എക്യുഐ 434, ദ്വാരക സെക്ടർ 8 ൽ 404, ഐടിഒയിൽ 430, മുണ്ട്കയിൽ 418, നരേലയിൽ 418, ഓഖ്‌ലയിൽ 402, രോഹിണിയിലും ആർകെ പുരത്തും 417 എന്നിങ്ങനെ ആയിരുന്നു.
ചൊവ്വാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായു നിലവാരം ഗുരുതര വിഭാഗത്തിലാണെന്നും സഫർ-ഡാറ്റയും കാണിക്കുന്നു. ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.
പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ നല്ലത്, 51, 100 തൃപ്‌തികരം, 101-ഉം 200 മിതമായത്, 201-ഉം 300-ഉം ‘കുഴപ്പമില്ലത്തത്, 301-ഉം 400-ഉം വളരെ മോശം, 401-ഉം 450-ഉം അതിനുമുകളിലും വരുന്നത് പ്ലസ് വിഭാഗം അഥവാ ഗുരുതര വിഭാഗം എന്നിങ്ങനെയാണ് എക്യുഐ.
എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു നിലവാരമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയത്. എന്നാൽ ദീപാവലി ആഘോഷത്തിന് പിന്നാലെ നഗരത്തിൽ മലിനീകരണ തോത് ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ദീപാവലി ദിനത്തിൽ നഗരത്തിലെ പടക്ക നിരോധനം പാലിക്കാത്തതിൽ അഭിമാനമുണ്ടെന്ന് ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് കപിൽ മിശ്ര പ്രതികരിച്ചു. ഇത് പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളാണെന്നാണ് മിശ്ര പറഞ്ഞത്.