ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തിൽ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളിൽ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫ് മുന്നിലാണ്.
പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കമെന്ന് മണിക്കൂറുകൾക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. സംസ്ഥാനത്ത് പോളിംഗ് കഴിഞ്ഞ് 39 ആം ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. 20 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡലങ്ങൾക്കും ഓരോ ഹാളുകൾ വീതം സജീകരിച്ചിട്ടുണ്ട്. പരമാവധി ഒരു ഹാളിൽ 14 ടേബിളുകളുണ്ട്. പോസ്റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക ടേബിളുണ്ട്. ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലം റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുന്നത്. 12 മണിയോടെ അന്തിമ ഫലം വരും ഇവിഎം എണ്ണിത്തീർന്നാൽ ഒരു നിയമസഭാ മണ്ഡലത്തില 5 ബൂത്തുകൾ വീതം നറുക്കെടുത്ത് അവിടങ്ങളിലെ വിവിപാറ്റ് കൂടി എണ്ണിയാകും ഔദ്യോഗിക ഫല പ്രഖ്യാപനം.
നിരോധനാജ്ഞ
കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു. കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു