നവിമുംബൈ: മുംബൈയിലെ അലിബാഗിലെ കാമാർലേ അണക്കെട്ടിൽ മുങ്ങിപ്പോയ 20കാരന്റെ മൃതദേഹം കണ്ടെത്തിയത് അതീവ സാഹസികമായി. ഞായറാഴ്ച കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം അണക്കെട്ടിലെത്തിയ 20കാരനായ ഗ്രേസൺ ജസീന്തോയാണ് മുങ്ങിമരിച്ചത്. ഡാമിന് കുറുകെ നടന്ന സൌഹൃദ നീന്തൽ മത്സരത്തിനിടെ ഗ്രേസൺ മുങ്ങിപ്പോവുകയായിരുന്നു. ഗ്രേസൺ മുങ്ങിപ്പോവുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരും നിലവിളി കേട്ട് എത്തിയ ഗ്രാമവാസികളും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
വലിയ രീതിയിൽ ചെളിക്കുള്ളിലേക്ക് പുതഞ്ഞ് പോയ യുവാവിന്റെ മൃതദേഹം ആദ്യം രക്ഷാപ്രവർത്തകരും സ്കൂബാ ഡൈവിംഗ് സംഘമടക്കം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് വെള്ളത്തിൽ 30 അടിയിലേറെ ചെളിയിൽ ഉറച്ച് പോയ മൃതദേഹം പുറത്ത് കൊണ്ടുവരാനായി രക്ഷാപ്രവർത്തകർ കൃത്രിമമായി വലിയ രീതിയിൽ ഡാമിൽ തിരകൾ സൃഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഗ്രേസണ്റെ മൃതദേഹം മുങ്ങൽ വിദഗ്ധർക്ക് കണ്ടെത്താൻ സാധിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ തെരച്ചിൽ അവസാനിപ്പിച്ച സംഘം തിങ്കളാഴ്ച രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുക്കാനായത്. സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.