എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ജീവനക്കാരെ മർദ്ദിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ മുസാവിര്‍ നടുക്കണ്ടി എന്ന 25 കാരനെ അറസ്റ്റ് ചെയ്തതായി സഹാർ പോലീസ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. തുടർന്ന് ശനിയാഴ്ച മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (CSMIA) വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.
വിമാനം കോഴിക്കോട് നിന്ന് പറന്നുയർന്നതിന് പിന്നാലെ അബ്ദുള്‍ മുസാവര്‍, വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് പോയി ക്യാബിൻ ക്രൂവിനെ മർദിക്കുകയും വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാര്‍ ഇയാളെ സീറ്റില്‍ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും അയാൾ മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തായും പറയുന്നു. കൂടാതെ യുവാവ് എമർജൻസി വാതിൽ തുറക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പൈലറ്റ് അടിയന്തരമായി വിമാനം മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതോടെ യുവാവിനെ പിടികൂടി. ഇയാൾക്കെതിരെ ഐപിസി 336 (ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം), 504 (സമാധാനം നശിപ്പിക്കുന്നതിനായുള്ള പ്രകോപനം), 506 (ഭീഷണിപ്പെടുത്തല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകളും എയർക്രാഫ്റ്റ് നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.