മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ശിവസേന ഉദ്ദവ് വിഭാഗത്തിൻ്റെ മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയൽ. ഹിന്ദുത്വയുടെ പേരില്‍ ബിജെപി കലാപം അഴിച്ചുവിടുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ഹിന്ദുത്വം സഹിഷ്ണുതയുടേതാണെന്നും ഭയമില്ലാതെ സത്യത്തെ മുറുകെപ്പിടിക്കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. മോദിയേയും അമിത് ഷായേയും വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരു നേതാവില്ലന്നും ‘സാമ്ന’യുടെ എഡിറ്റോറിയലിൽ പറയുന്നു.
പത്തുവര്‍ഷമായി മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ബിജെപി നേതൃത്വംനല്‍കുന്ന സര്‍ക്കാര്‍ പാര്‍ലമെന്റിനെ അവരുടെ കാല്‍ക്കീഴില്‍ നിര്‍ത്തി. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷം ഉയര്‍ന്നുവന്നതുമുതല്‍, ഹിന്ദുത്വയുടെ പേരില്‍ തോന്നിയപോലെ പെരുമാറിയവര്‍ വെല്ലുവിളിക്കപ്പെട്ടു. രാഹുല്‍ ഒരു ഭാഗത്തും മറ്റുള്ളവര്‍ എല്ലാവരും മറുഭാഗത്തുമെന്ന നിലയില്‍ ലോക്‌സഭയില്‍ കാര്യങ്ങളെത്തി. മോദിയുടെയും അമിത് ഷായുടെയും ഈഗോയെ രാഹുല്‍ തകര്‍ത്തു. ഇനി രാഹുലിനെ തടയുക പ്രയാസമാണെന്നും മുഖപത്രത്തിൽ പറയുന്നു.
തിങ്കളാഴ്ചത്തെ ലോക്‌സഭയിലെ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനമായിരുന്നു രാഹുല്‍ ഉന്നയിച്ചത്. അഗ്നവീര്‍ പദ്ധതി, മണിപ്പുര്‍ സംഘര്‍ഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിന്‍വലിക്കല്‍, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളുയര്‍ത്തി രാഹുല്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു. ബി ജെ പി വിമര്‍ശനവുമായി എത്തിയതിന് പിന്നാലെ രാഹുലിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ള സഭാ രേഖകളില്‍നിന്ന് നീക്കിയിരുന്നു.