ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 2,500 ലധികം പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന്റെ ഓഫീസിന് പ്രവര്‍ത്തകര്‍ തീയിട്ടു. പ്രക്ഷോഭം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ടിവി ചാനലിലൂടെ പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണിത്.
1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലി സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ തെരുവിലാണ്.
ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി റദ്ദാക്കിയ സുപ്രീംകോടതി, സര്‍ക്കാരിന്റെ അപ്പീല്‍ ഓഗസ്റ്റ് 7 ന് പരിഗണിക്കും. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം കനത്തത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ പൊലീസ് കണ്ണീര്‍ വാതകവും, റബ്ബര്‍ ബുള്ളറ്റുകളും ഗ്രനേഡും പ്രയോഗിച്ചു.
വ്യാഴാഴ്ച്ച ഉച്ചയോടെ തലസ്ഥാനത്തെ മെട്രോ റെയില്‍ സര്‍വ്വീസ് റദ്ദാക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിക്കുകയും ചെയ്തു. അതിനിടെ ബംഗ്ലാദേശ് പൊലീസിന്റെ വെബ്‌സൈറ്റും നിശ്ചലമായി. നിലവില്‍ പ്രത്യേക വിഭാഗങ്ങള്‍ 56 ശതമാനം വരെ സംവരണം നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. 1972ല്‍ സംവരണം കൊണ്ടുവന്നശേഷം പലഘട്ടത്തിലായി പരിഷ്‌കരിച്ചിരുന്നു. 30 ശതമാനം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങള്‍ക്കും, പത്ത് ശതമാനം സ്ത്രീകള്‍ക്കും അവികസിത ജില്ലകളില്‍ നിന്നുള്ളവര്‍ക്കും അഞ്ച് ശതമാനം സ്വദേശികള്‍ക്കും ഒരു ശതമാനം ഭിന്നശേഷിക്കാര്‍ക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്. 2018ല്‍ എടുത്തുകളയുമ്പോള്‍ പല വിഭാഗങ്ങളിലായി 56 ശതമാനം തൊഴില്‍ സംവരണം ഉണ്ടായിരുന്നു. സംവരണസമ്പ്രദായം പരിഷ്‌കരിച്ച് സര്‍ക്കാര്‍ സര്‍വീസുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം.