ചെന്നൈ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ ചെന്നൈയിലേക്ക് പോയ മലയാളി യുവാവ് വാൻ തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ. പത്തനംതിട്ട മരപ്പള്ളി സ്വദേശിയായ 26കാരനാണ് വാഹന മോഷണക്കേസിൽ അറസ്റ്റിലായത്.
എന്‍ജിനിയറിങ് ബിരുദധാരിയായ യുവാവ് ഓണ്‍ലൈന്‍ വഴിയാണ് പെൺസുഹൃത്തിനെ പരിചയപ്പെടുന്നത്. ചെന്നൈയിലെ അണ്ണാനഗറിലെ യുവതിയോട് പ്രണയാഭ്യർത്ഥന നടത്താനാണ് യുവാവ് ചെന്നൈയിലെത്തിയത്. യുവതിയുടെ വിലാസം അറിഞ്ഞ യുവാവ് ഇന്നലെ ചെന്നൈയിലേക്ക് യാത്രതിരിച്ചു. പ്രണയാഭ്യര്‍ഥന നടത്തിയതോടെ യുവതി അത് നിരസിച്ചു. നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ് വാന്‍ തട്ടിയെടുത്തത്. നാട്ടിലെത്താൻ പണമില്ലാത്തതിനാലാണ് വാന്‍ തട്ടിയെടുത്തതെന്നാണ് യുവാവിന്റെ വിശദീകരണം.
സാധനങ്ങൾ ഇറക്കാൻ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന വാൻ യുവാവ് മോഷ്ടിച്ചത്. വാഹനവുമായി പോയ യുവാവ് ചെന്നൈ വിമാനത്താവളത്തിനുസമീപം എത്തിയപ്പോൾ തിരിച്ചുപോയി പെൺകുട്ടിയോട് വീണ്ടും പ്രണയാഭ്യർഥന നടത്തി. തുടർന്ന് വാൻ അവിടെ നിർത്തി അണ്ണാനഗറിലേക്ക് ബസ് കയറി. വാനുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. കാമുകിയെ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് ഇയാൾ തങ്ങളോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.