ധാക്ക: ധാക്കയിലെ തങ്ങളുടെ കേന്ദ്രം മുമ്പ് കത്തിച്ചതായി ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ആരോപിച്ചു. നംഹട്ട പ്രോപ്പർട്ടിയിലെ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സമുദായ അംഗങ്ങൾക്കും വൈഷ്ണവ സംഘത്തിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണം തുടരുകയാണെന്നും ഇസ്‌കോൺ കൊൽക്കത്തയിലെ വൈസ് പ്രസിഡൻ്റ് രാധാരമൺ ദാസ് പി.ടി.ഐയോട് പറഞ്ഞു. ഇസ്‌കോൺ നാംഹട്ട സെൻ്റർ ബംഗ്ലാദേശിൽ കത്തിനശിച്ചു.
ശ്രീ ശ്രീ ലക്ഷ്മി നാരായണന്റെ പ്രതിഷ്ഠകളും ക്ഷേത്രത്തിലെ എല്ലാ സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിയിലും മൂന്നിനും ഇടയിൽ ഈ സംഭവം നടന്നതായി അറിയുന്നു. ഹരേ കൃഷ്ണ നാംഹട്ട സംഘത്തിന് കീഴിലുള്ള ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിലും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലും അക്രമികൾ തീ കൊളുത്തിയതായി അദ്ദേഹം അറിയിച്ചു.
ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശിലെ ഇടക്കാല ഗവൺമെൻ്റിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും, പൊലീസ്, ഭരണകൂടം എന്നിവരുടെ ഭാഗത്ത് നിന്ന് പരാതികൾ പരിഹരിക്കുന്നതിലും നടപടികൾ സ്വീകരിക്കുന്നതിലും കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ദാസ് ആരോപിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, സുരക്ഷാ കാര്യങ്ങൾ കണക്കിലെടുത്ത് സന്യാസിമാരോടും അനുയായികളോടും ‘തിലകം’ ധരിക്കരുതെന്ന് അഭ്യർഥിച്ചു.