ദില്ലി: എച്ച്എംപിവി വ്യാപനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്ത് ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 6 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യത്തെ നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ചൈനയിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചൈനയിൽ ഹ്യൂമൻ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇന്നലെ ഇന്ത്യയിൽ ആറ് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബെംഗളൂരുവിൽ രണ്ട്, ചെന്നൈയിൽ രണ്ട്, അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതം രോഗബാധ കണ്ടെത്തി. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആൺകുഞ്ഞിനും പെൺകുഞ്ഞിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിന് കഴിഞ്ഞയാഴ്ച രോഗബാധ സ്ഥിരീകരിച്ചിരുന്നു. അഡ്മിറ്റ് ചെയ്ത കുഞ്ഞിന്റെ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു.
2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന നിര്‍ദേശം. നമ്മുടെ രാജ്യത്ത് പലർക്കും ഈ രോഗബാധ വന്ന് പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ ചൈനയിൽ രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. ചൈനയിലെ രോഗബാധയുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ലോകാരോഗ്യസംഘടന മറ്റ് രാജ്യങ്ങൾക്കും നൽകുന്നുണ്ട്. അതിനാൽ സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.