മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവമായ ഗില്ലെയ്ൻ-ബാരെ സിന്‍ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. രോഗലക്ഷണങ്ങളുള്ള 26 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ 5 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അത്യാവശ്യമുള്ള 2 പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്, കൂടാതെ 8 പേരെ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം അതീവ ജാഗ്രത വേണമെന്ന് വ്യക്തമാക്കുന്നു. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിന്‍ട്രം. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് ഇതിന്റെ വ്യാപനത്തിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്.