പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെ ഉണ്ടായ തിരക്കിലും തിക്കിലും 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ് അറിയിച്ചു. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. ആദ്യം 10 പേർ മരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നെങ്കിലും, പിന്നീട് മരണസംഖ്യ ഉയർന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പർ 1920-ൽ ബന്ധപ്പെടണമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പുറമെ, ദുരന്തം നടന്ന ത്രിവേണി ഘട്ടത്തിൽ സ്നാനം വീണ്ടും ആരംഭിച്ചു.
ബാരിക്കേഡ് മറികടക്കാൻ വലിയ ജനക്കൂട്ടം ശ്രമിച്ചതാണ് അപകടത്തിന്റെ കാരണം എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി വരെ വലിയ ജനക്കൂട്ടം എത്തിച്ചേർന്നു. സജ്ജീകരണങ്ങൾ എല്ലാം കൃത്യമായിരുന്നുവെന്ന് യോഗി വ്യക്തമാക്കി, കൂടാതെ ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കൂട്ടിച്ചേർത്തു. സർക്കാർ അതിവേഗം ഇടപെടുകയും പരിക്കേറ്റവർക്കു ചികിത്സ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, കുംഭമേളയിലെ ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തി. വിഐപി സന്ദർശനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണത്തിലെ വീഴ്ചയ്ക്ക് കാരണമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാധാരണ തീർത്ഥാടകർ സർക്കാരിന്റെ വീഴ്ചയുടെ ഇരയായി എന്നും, ഇനിയെങ്കിലും ക്രമീകരണങ്ങൾ മുൻകൂട്ടി സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.