ലഖ്നൗ: മഹാശിവരാത്രി ആഘോഷത്തോടെ മഹാകുംഭമേള ഇന്ന് സമാപിക്കും. ശിവരാത്രി ദിനമായ ഇന്ന്, മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇതുവരെ 64 കോടി പേര്‍ സ്നാനത്തില്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
മഹാകുംഭമേളയുടെ അവസാന ദിനമായ ഇന്ന്, പ്രധാന സ്നാന ദിനമായ അമൃത സ്നാനത്തിന്റെ അവസാന ദിവസവും ആണ്. അതിനാൽ, അവസാന മണിക്കൂറുകളിൽ കുംഭമേളയിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിശ്വാസികൾ എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ, ഇവിടെ നടക്കുന്ന വ്യത്യസ്ത കൗതുകക്കാഴ്ചകൾ കാണാൻ നിരവധി ആളുകൾ എത്തുന്നു.
ജനുവരി 13-ന് പൗഷ് പൂർത്തിമ ദിനത്തിൽ ആരംഭിച്ച മഹാകുംഭമേള 45 ദിവസങ്ങൾ നീണ്ടു നീങ്ങും, ശിവരാത്രി ദിനത്തിൽ അവസാനിക്കും. ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി പ്രതിപക്ഷം ആവർത്തിച്ച് വിമർശിക്കുന്നു. ലോകോത്തര സൗകര്യങ്ങൾ ഉള്ളതിനാൽ ഇത്രയും ആളുകൾ മേളയിൽ പങ്കെടുത്തുവെന്ന് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറുപടി നൽകുന്നു. 2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെ ഗ്രൗണ്ടിന്റെ മുഴുവൻ സുരക്ഷയും ഉറപ്പാക്കപ്പെട്ടിരിക്കുന്നു.