ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന സാഹചര്യത്തിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ഇന്ന് വൈകീട്ട് ചേരുമെന്ന് റിപ്പോർട്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും.
അതിനിടെ, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന പരസ്യ ആവശ്യവുമായി നേതാക്കൾ രംഗത്തെത്തി. പദവിക്കായി പാർട്ടിയിൽ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് ശശി തരൂർ പറഞ്ഞു. കാർത്തി ചിദംബരം, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ മുന്നോട്ട് വരണമെന്ന് ഇന്ത്യ സഖ്യം നേതാക്കളും ആവശ്യപ്പെട്ടു. ദേശീയ നേതാവാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചു കഴിഞ്ഞെന്ന് സഞ്ജയ് റാവത്തും രാഹുൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് എൻസിപിയും, ആർജെഡിയും പരാമർശിച്ചു.