ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് രോഹിത് ശർമ്മയും സംഘവും വീണ്ടുമൊരു കലാശപ്പോരിന് തയ്യാറെടുക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇംഗ്ലണ്ടിന്റെ മറുപടി 103 റൺസിൽ അവസാനിച്ചു. തോൽവി അറിയാതെയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം.
ടോസ് നേടിയ ഇംഗ്ലണ്ട് ഫിൽഡിംഗിനിറങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ വെടിക്കെട്ട്. 39 പന്തിൽ 57 റൺസുമായി ഇന്ത്യൻ സ്കോർ 100 കടത്തിയ ശേഷമാണ് രോഹിത് പുറത്താകുന്നത്. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസെടുത്ത് ക്യാപ്റ്റന്‍ പിന്തുണ നൽകി. 23 റൺസുമായി ഹാർദ്ദിക്ക് പാണ്ഡ്യയും 17 റൺസുമായി പുറത്താകാതെ രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു.
മറുപടി പറഞ്ഞ ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ ഭേദപ്പെട്ട തുടക്കം നൽകി. 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സെടുത്ത ബട്ലർ മടങ്ങിയതോടെ ഇംഗ്ലണ്ട് തകർച്ചയിലേക്ക് നീങ്ങി. പിന്നീട് വന്നവരിൽ ഹാരി ബ്രൂക്ക് 25, ജെഫ്ര ആർച്ചർ 21 എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും വീഴ്ത്തി.