ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ കടന്നിരിക്കുകയാണ്. എന്നാൽ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സൂപ്പർ താരം വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ താരത്തിന്റെ പ്രകടനം മോശമായി. പിന്നാലെ വിരാട് കോഹ്ലിയെ ടീമിൽ നിന്നൊഴിവാക്കുമോയെന്ന ചോദ്യം നേരിട്ടിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.
വിരാട് ഒരു ക്ലാസ് താരമാണ്. എല്ലാവരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാവും. വിരാട് വലിയ മത്സരങ്ങളിലെ താരമാണ്. ഒരുപക്ഷേ ഫൈനലിൽ അയാളുടെ മികവ് നമ്മുക്ക് കാണാൻ കഴിയുമെന്നും രോഹിത് ശർമ്മ പ്രതികരിച്ചു. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയുടെ പ്രകടനത്തിൽ പ്രതികരണവുമായെത്തി.
നിങ്ങൾക്ക് വിരാട് കോഹ്ലിയെ അറിയാം. ഇത്ര വലിയ ടൂർണമെന്റിൽ ചിലപ്പോൾ കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം ഉണ്ടായേക്കും. മത്സരത്തിൽ കോഹ്ലി മികച്ചൊരു സിക്സ് നേടി. പിന്നാലെ ആ താളം തുടരാൻ കഴിഞ്ഞില്ല. എന്നാൽ കോഹ്ലിയുടെ ശ്രമം തനിക്ക് ഇഷ്ടമായി. മികച്ച പ്രകടനത്തിനായി അയാൾ ശ്രമിക്കുന്നു. പക്ഷേ അത് സംഭവിക്കുന്നില്ല. വരും മത്സരങ്ങളിൽ വിരാട് വലിയ സ്കോറിലെത്തുമെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.