ന്യൂജഴ്സി: അന്താരാഷ്ട്ര ഫുട്ബോളിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി. എക്കാലത്തെയും കൂടുതൽ ഗോൾ നേടിയവരിൽ മെസ്സി രണ്ടാമതെത്തി. 108 അന്താരാഷ്ട്ര ഗോളുകൾ നേടിയ ഇറാൻ മുൻ താരം അലി ദേയിയെ മെസ്സി പിന്നിലാക്കി. 186 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 109 ഗോളുകളുമായി ലിയോ രണ്ടാമതെത്തി.
പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ 212 മത്സരങ്ങളിൽ നിന്ന് 130 ഗോളുമായി ഒന്നാമതുണ്ട്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യയുടെ സുനിൽ ഛേത്രിയാണ് നാലാമത്. 151 മത്സരങ്ങൾ കളിച്ച ഛേത്രി 94 ഗോളുകൾ അടിച്ചുകൂട്ടി. കോപ്പ അമേരിക്ക ടൂർണമെന്റിൽ 38 മത്സരങ്ങൾ കളിച്ച മെസ്സി 14-ാം ഗോളുകൾ വലയിലാക്കി.
കോപ്പ അമേരിക്ക സെമി ഫൈനലിൽ അർജന്റീന എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ കീഴടക്കി. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ മെസ്സി ആദ്യ ഗോളാണ് വലയിലെത്തിച്ചത്. ഹൂലിയൻ ആൽവരെസാണ് മറ്റൊരു ഗോൾ നേടിയത്. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും.