ഇസ്ലാമാബാദ്: സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യന്‍ ടീമിനെയും പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ ക്ഷണിച്ച് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. കോഹ്‌ലിക്ക് പാകിസ്താനില്‍ വലിയ ആരാധപിന്തുണയാണ് ഉള്ളതെന്നും പാകിസ്താനിലെത്തിയാല്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സ്നേഹം മറന്നുപോവുമെന്നും അഫ്രീദി പറഞ്ഞു. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം എത്തില്ലെന്ന വാര്‍ത്തകളുടെ സാഹചര്യത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇന്ത്യന്‍ ടീമിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. പാകിസ്താന്‍ ടീം പര്യടനങ്ങള്‍ക്കായി ഇന്ത്യയിലെത്തുമ്പോള്‍ ഞങ്ങള്‍ക്കും ഒരുപാട് സ്‌നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും ഇരുരാജ്യങ്ങളിലുമെത്തി ക്രിക്കറ്റ് കളിക്കുന്നതിനേക്കാള്‍ സമാധാനം മറ്റൊന്നില്ല. വിരാട് കോഹ്‌ലി പാകിസ്താനിലെത്തിയാല്‍ ഇന്ത്യയില്‍ ലഭിച്ചിരുന്ന സ്‌നേഹവും പരിഗണനയും അദ്ദേഹം മറക്കും. കോഹ്‌ലിക്ക് പാകിസ്താനില്‍ ഒരുപാട് ആരാധകരുണ്ട്. ഞങ്ങളെല്ലാം വിരാട് കോഹ്‌ലി പാകിസ്താനില്‍ വന്ന് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്’, ഷാഹിദ് അഫ്രീദി പറഞ്ഞു.
വിരാട് കോഹ്‌ലി ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനെ കുറിച്ചും പാക് താരം പ്രതികരിച്ചു. ‘അദ്ദേഹം ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് വിരമിക്കാന്‍ പാടില്ലായിരുന്നു. കാരണം കോഹ്‌ലി കളിക്കുമ്പോള്‍ ആ ഫോര്‍മാറ്റിന് ഭംഗി കൂടുതലാണ്. അദ്ദേഹം എന്തുകൊണ്ടാണ് തുടരാത്തത്? അദ്ദേഹം ശാരീരികക്ഷമതയുള്ള താരമാണ്. മിന്നും ഫോമിലുമാണ് ഇപ്പോള്‍ ഉള്ളത്. എല്ലാത്തിനുമുപരി അദ്ദേഹത്തോടൊപ്പം കളിക്കുന്ന യുവതാരങ്ങള്‍ക്ക് നിരവധി അവസരങ്ങളും വിജയങ്ങളും ഉണ്ടാകും. യുവതാരങ്ങളെ മാത്രം നമുക്ക് ഇറക്കാന്‍ സാധിക്കില്ല. ടീമില്‍ സീനിയര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയും കോമ്പിനേഷനാണ് വേണ്ടത്. യുവതാരങ്ങള്‍ക്ക് വിരാട് കോഹ്‌ലിക്ക് പഠിപ്പിച്ചുകൊടുക്കാന്‍ കഴിയുന്നത് മറ്റൊരു താരത്തിനും സാധിക്കില്ലെന്ന് ഞാന്‍ കരുതുന്നു’, അഫ്രീദി കൂട്ടിച്ചേര്‍ത്തു.