വെസ്റ്റ് ഇന്‍ഡീസിനെിരായ തുടര്‍ച്ചയായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇന്ത്യയുടെ രോഹിത് ശര്‍മ-യശസ്വി ജയ്‌സ്വാള്‍ സഖ്യത്തിന് റെക്കോര്‍ഡ്. ആദ്യ ടെസ്റ്റില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രോഹിത്-യശസ്വി സഖ്യം ഇന്നലെ തുടങ്ങിയ രണ്ടാം ടെസ്റ്റില്‍ 139 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ വിദേശ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ടുകളെന്ന രെക്കോര്‍ഡിനൊപ്പം യശസ്വി-രോഹിത് സഖ്യമെത്തി.
1979ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സുനില്‍ ഗവാസ്കര്‍-ചേതന്‍ ചൗഹാന്‍, 2003-2004ല്‍ ഓസ്ട്രേലിയക്കെതിരെ വീരേന്ദര്‍ സെവാഗ്-ആകാശ് ചോപ്ര, 2006ല്‍ വിന്‍ഡീസിനെതിരെ വസീം ജാഫര്‍-സെവാഗ് സഖ്യങ്ങളാണ് ഇതിന് മുമ്പ് വിദേശ പരമ്പരയില്‍ രണ്ട് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം.
ഇതിന് പുറവെ വെസ്റ്റ് ഇന്‍ഡീസില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍മാരാണ് യശസ്വിയും രോഹിത്തും. പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് ഇന്നലെ രോഹിത്-യശസ്വി സഖ്യം അടിച്ചെടുത്ത 139 റണ്‍സ്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സടിച്ച് മുന്‍തൂക്കം നേടിയിരുന്നു.
രണ്ടാം സെഷനില്‍ വലിയ ഇടവേളകളില്ലാതെ നാലു വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ പിന്തുണയുടെയും കരുത്തില്‍ അഞ്ചാം വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന നിലയിലാണ്. 87 റണ്‍സോടെ കോലിയും 36 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്.